ഗുരുസ്മരണക്ക് മുന്നില്‍ ആര്‍ദ്രനയനങ്ങളോടെ…
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും ശിഷ്യനുമായ ഓണമ്പിള്ളി മുഹമ്മദ് ഫൈസി കാളമ്പാടി ഉസ്താദിനെ അനു്സമരിക്കുന്നു.
ഞാന്‍ ജാമിഅയിലെത്തുന്നത് 1999ലാണ്. കാളമ്പാടി ഉസ്താദിനെകുറിച്ച് മുമ്പ് തന്നെ ധാരാളം കേട്ടിരുന്നെങ്കിലും ആദ്യമായി കാണുന്നത് ജാമിഅയിലെത്തിയ ശേഷമാണ്. ജാമിഅയിലേക്ക് പ്രവേശനപരീക്ഷക്ക് പോവുകയാണെന്ന് സുഹൃത്തുക്കളോടും പരിചയക്കാരോടും പറഞ്ഞപ്പോഴെല്ലാം അവരില്‍ പലരുടെയും പ്രതികരണം ഇങ്ങനെയായിരുന്നു, അവിടെ ഒരു കാളമ്പാടി ഉസ്താദുണ്ട്, അദ്ദേഹത്തിന്റെ അടുത്താണ് പരീക്ഷക്ക് എത്തുന്നതെങ്കില്‍ ഒന്ന് വിയര്‍ക്കും.
കാളമ്പാടി ഉസ്താദെന്ന കര്‍ക്കശക്കാരനായ ഒരു പണ്ഡിതന്റെ ചിത്രമായിരുന്നു ആ വാക്കുകള്‍ ഞങ്ങള്‍ക്ക് പകര്‍ന്നത്. എന്നാല്‍ ജാമിഅയിലെത്തി അവിടെ കഴിഞ്ഞ രണ്ട് വര്‍ഷത്തെ ജീവിതത്തിലൂടെ ആ മഹാന്റെ യഥാര്‍ത്ഥ ചിത്രവും ചരിത്രവും നേരില്‍ കാണാനായി. വിനയത്തിന്റെ ആള്‍രൂപവും ലാളിത്യത്തിന്റെ മറ്റൊരു പേരുമായിരുന്നു യഥാര്‍ത്ഥത്തില്‍ കാളമ്പാടി ഉസ്താദ്.
ഞങ്ങളുടെ ഒരു സുഹൃത്തിന് അമളി പിണഞ്ഞത് ഞങ്ങള്‍ ഇന്നും ഓര്‍ക്കാറുണ്ട്, പ്രവേശനപ്പരീക്ഷക്ക് ജാമിഅയിലേക്ക് വരുകയായിരുന്നു അദ്ദേഹം. പെരിന്തല്‍മണ്ണയില്‍നിന്ന് പട്ടിക്കാട്ടേക്കുള്ള ബസില്‍ തൊട്ടടുത്ത സീറ്റില്‍ മടിയില്‍ തലപ്പാവ് ഊരിവെച്ച് മൊല്ലാക്ക എന്ന് തോന്നിക്കുന്ന ഒരാള്‍ ഇരിക്കുന്നു. കുറച്ചുകഴിഞ്ഞപ്പോള്‍ മൊല്ലാക്കയുടെ ചോദ്യം, എങ്ങോട്ടാ മുസ്‌ലിയാരേ പോകുന്നത്. ജാമിഅയിലേക്കാണെന്നും പ്രവേശനപരീക്ഷക്ക് പോകുകയാണെന്നും പറഞ്ഞശേഷം ആ സുഹൃത്ത് ഇങ്ങനെ കൂടി പറഞ്ഞു, അവിടെ ഒരു കാളമ്പാടി ഉസ്താദുണ്ടത്രെ, അയാളെയാ പേടി, മറ്റു ഉസ്താദുമാരൊന്നും പ്രവേശനപരീക്ഷയില്‍ അത്ര കര്‍ശനക്കാരല്ലെന്നാ കേട്ടത്. ഏതായാലും നിങ്ങള്‍ ദുആ ചെയ്യണം.
പട്ടിക്കാടെത്തി ബസ് ഇറങ്ങി പ്രവേശന പരീക്ഷക്കായി റൂമിന് മുമ്പില്‍ ഊഴം കാത്ത് നില്‍ക്കുമ്പോഴും ആ സുഹൃത്തിന്റെ പ്രാര്‍ത്ഥന അത് തന്നെയായിരുന്നു, തനിക്ക് പരീക്ഷ നടത്തുന്നത് കാളമ്പാടി ഉസ്താദാവരുതേ എന്ന്. തന്റെ ഊഴമെത്തിയപ്പോള്‍, ഒരു റൂം ചൂണ്ടിക്കാണിച്ച് കണ്‍ട്രോളര്‍ പറഞ്ഞു, അതാ അങ്ങോട്ട് ചെല്ലൂ, കാളമ്പാടി ഉസ്താദിന്റെ അടുത്തേക്ക്. അദ്ദേഹം ആകെ തളര്‍ന്നുപോയി. വാതില്‍ തുറന്ന് അകത്ത് കടന്നപ്പോള്‍, തന്നെയും കാത്തിരിക്കുന്നത്, ബസില്‍ കൂടെയുണ്ടായിരുന്ന അതേ മൊല്ലാക്ക. ഒരു വേള, തന്റെ സപ്തനാഡികളും തളര്‍ന്നുപോയ നിമിഷമായിരുന്നു അതെന്ന് ആ സുഹൃത്ത് ഇപ്പോഴും ഓര്‍ക്കാറുണ്ട്.
ശേഷം ജാമിഅയില്‍ പ്രവേശനം ലഭിച്ചശേഷം ആ സുഹൃത്തിനോട് ഒരിക്കല്‍ ഉസ്താദ് പറഞ്ഞു, കാളമ്പാടി അത്ര കര്‍ശനമൊന്നുമല്ലെന്ന് മനസ്സിലായില്ലേ. ബസില്‍ വെച്ച് ആളറിയാതെ പറഞ്ഞുപോയ ആ വാക്കിന് അവസാനം ഉസ്താദിനോട് മാപ്പ് ചോദിച്ചാണ് ആ സുഹൃത്ത് ജാമിഅയില്‍നിന്ന് പോയത്.
ധീരമായ നിലാപടുകള്‍
തീരുമാനങ്ങളെടുക്കുന്നതിലെ കണിശതയും എടുത്ത തീരുമാനങ്ങളിലെ ആര്‍ജ്ജവവും ജീവിതത്തിലെ ലാളിത്യവും സമം ചേര്‍ത്തെടുത്തതായിരുന്നു ആ വ്യക്തിത്വം.
എസ്.കെ.എസ്.എസ്.എഫിന്റെ പ്രവര്‍ത്തകരോടൊപ്പം ചില കാര്യങ്ങളിലൊക്കെ ചില നിര്‍ദ്ദേശങ്ങള്‍ വെക്കാനും അഭിപ്രായം ആരായാനുമായി ഉസ്താദിന്റെ അടുക്കല്‍ പോകാറുണ്ടായിരുന്നു. അപ്പോഴൊക്കെ അദ്ദേഹം പറയാറുണ്ടായിരുന്നത്, മുസ്‌ലിയാരേ, ഇത് സമസ്തയാണ്, തൊട്ടതിനും പിടിച്ചതിനുമൊക്കെ തോന്നുംവിധം തീരുമാനം പറയാനുള്ളതല്ല ഇത്. അത്യാവശ്യമായി വരുന്ന ഘട്ടത്തിലേ സമസ്ത വല്ലതും പറയൂ, പറഞ്ഞാല്‍ പിന്നെ അത് ഒരിക്കലും മാറ്റിപ്പറയേണ്ടി വരാറുമില്ല.
അതായിരുന്നു ഉസ്താദിന്റെയും ശൈലി.
തനിക്ക് ശരിയാണെന്ന് പൂര്‍ണ്ണമായി ബോധ്യപ്പെട്ടത് ആരുടെ മുമ്പിലും അദ്ദേഹം സധൈര്യം തുറന്ന് പറയുമായിരുന്നു, എന്നാല്‍ അങ്ങനെ ബോധ്യപ്പെട്ടതേ പറയുമായിരുന്നുള്ളൂ താനും. സമസ്തക്ക് വിരുദ്ധമായ നിലപാടുകള്‍ സ്വീകരിക്കുന്നുവെന്ന് തോന്നിയപ്പോഴൊക്കെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ ബന്ധപ്പെട്ടവരെ നേരില്‍ കാണുമ്പോള്‍ അതിശക്തമായി തങ്ങളുടെ നിലപാട് അറിയിക്കാന്‍ അദ്ദേഹം മടിക്കാറില്ലായിരുന്നു. തങ്ങന്മാരോട് ഉസ്താദിന് ഏറെ ആദരവായിരുന്നു. എന്നാല്‍ എല്ലാ ആദരവും സൂക്ഷിച്ചുകൊണ്ട് തന്നെ, അവരോട് പോലും കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറയാന്‍ അദ്ദേഹം മടിച്ചിരുന്നില്ല.
ലാളിത്യത്തിന്റെ മനുഷ്യരൂപം
പരമോന്നത പണ്ഡിതസഭയുടെ അമരത്തിരിക്കുമ്പോഴും ആ ലാളിത്യത്തിന് ആക്കം കൂടുന്നതാണ് കേരളം കണ്ടത്. അതാണല്ലോ ഉഖ്റവിയ്യായ പണ്ഡിതന്റെ ലക്ഷണവും. പരിപാടികള്‍ക്ക് ക്ഷണിക്കാനായി സംഘടാകര്‍ വരുമ്പോള്‍, ഞങ്ങള്‍ കാറ് അയക്കാമെന്ന് പറയുമ്പോഴൊക്കെ അദ്ദേഹം ചോദിക്കുമായിരുന്നു, അതിനൊക്കെ കുറേ കാശ് ആവില്ലേ, ബസില്‍ വന്നാല്‍ പോരേ എന്ന്.
ഉസ്താദ് ബസിലും ഓട്ടോറിക്ഷയിലുമായി യാത്രകള്‍ ചെയ്യുന്നത് കണ്ട ഞങ്ങള്‍ ഫൈസിമാര്‍ ഉസ്താദിന് വേണ്ടി ഒരു കാര്‍ വാങ്ങുന്നതിനെക്കുറിച്ച് ഒരിക്കല്‍ ആലോചിച്ചു. ഉസ്താദിനെ കാര്യം സമ്മതിപ്പിക്കാന്‍ ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസിയാണ് ശ്രമിച്ചത്. പക്ഷേ, എത്ര തന്നെ പറഞ്ഞിട്ടും, ഉസ്താദ് അത് സമ്മതിച്ചില്ല, അതിന്റെയൊന്നും ആവശ്യമില്ല മുസ്‌ലിയാരേ എന്ന സരസശൈലിയിലെ മറുപടിയായിരുന്നു അവിടന്ന് കിട്ടിയത്.
ആ ലാളിത്യം വേഷത്തിലും കാണാമായിരുന്നു. പളപളാ മിന്നുന്ന ഉടുപ്പുകളോ വെട്ടിത്തിളങ്ങുന്ന തലപ്പാവോ ഒരിക്കല്‍ പോലും അവിടന്ന് ഉപയോഗിച്ചിട്ടില്ല. സമസ്തയുടെ പ്രസിഡണ്ടായ ശേഷം പലരുടെയും നിര്‍ബന്ധത്തിന് വഴങ്ങിയാണ് അവസാനം പച്ച വല്ലി ഉപയോഗിക്കാന്‍ തുടങ്ങിയത്. വല്ലിയെക്കുറിച്ച് പലപ്പോഴും ഉസ്താദ് ഇങ്ങനെ പറയാറുണ്ടായിരുന്നു, ഇത് കാശ് കൊടുത്താല്‍ ടെക്സ്റ്റൈല്‍സില്‍നിന്ന് ആര്‍ക്കും കിട്ടും, അത് ധരിക്കാനുള്ള അര്‍ഹതയുണ്ടാവലാണ് പ്രധാനം.
ഉസ്താദിന്റെ രണ്ട് കുട്ടികള്‍ അപകടത്തില്‍ മരണമടഞ്ഞത് ഞങ്ങള്‍ ജാമിഅയില്‍ പഠിക്കുന്ന കാലത്തായിരുന്നു. വിവരമറിഞ്ഞ് ഞങ്ങള്‍ ഉസ്താദിന്റെ വീട്ടിലേക്ക് പോയി. പണ്ഡിതകാരണവരുടെ ആ കൊച്ചുവീട്ടിലേക്ക് നേരാം വണ്ണം റോഡ് പോലുമില്ലായിരുന്നു എന്നത് ഞങ്ങളെ ഏറെ അല്‍ഭുതപ്പെടുത്തി. മക്കള്‍ പിരിഞ്ഞ ദുഖം അല്‍പം പോലും പുറത്ത് കാണിക്കാതെ, തിരിച്ചുപോരുന്ന ഞങ്ങള്‍ക്ക് വെളിച്ചം കാണിക്കാനായി ടോര്‍ച്ചും കൈയ്യിലേന്തി ഞങ്ങളോടൊപ്പം നടന്നുവന്ന ആ ലാളിത്യത്തെ അളക്കാന്‍ ഏത് മാപിനിയാണ് നമ്മുടെ കൈയ്യിലുള്ളത്. മക്കളുടെ മരണാനന്തരചടങ്ങുകള്‍ കഴിഞ്ഞ് ദുഖം ഘനീഭവിച്ച മുഖത്തോടെ തളര്‍ന്ന മനസ്സോടെ തിരിച്ചെത്തുന്ന ഉസ്താദിനെയാണ് ഞങ്ങളൊക്കെ പ്രതീക്ഷിച്ചത്. എന്നാല്‍, യാതൊന്നും പുറത്ത് കാണിക്കാതെ, ഇന്നാലില്ലാഹിയില്‍ കാര്യങ്ങളെല്ലാം ഒതുക്കിയ ഒരു യഥാര്‍ത്ഥ സ്വൂഫിവര്യനെയാണ് അന്ന് ഞങ്ങള്‍ക്ക് കാണാനായത്.
ഹൃദ്യമായ ക്ലാസുകളും സൂക്ഷ്മതയും
അദ്ദേഹത്തിന്റെ ക്ലാസുകള്‍ ഏറെ ഹൃദ്യവും അതിലേറെ ഗഹനവുമായിരുന്നു. തുഹ്ഫയായിരുന്നു ഞങ്ങള്‍ക്ക് പ്രധാനമായും എടുത്തിരുന്നത്. പൊതുവെ അല്‍പം പ്രയാസമേറിയതാണല്ലോ തുഹ്ഫ. എന്നാല്‍ അത് പോലും അതിഹൃദ്യമായും വളരെ ലളിതമായും അദ്ദേഹം അവതരിപ്പിക്കുന്നത് ഏറെ അല്‍ഭുതത്തോടെ നോക്കിയിരുന്നിട്ടുണ്ട്. നാടന്‍ ഉദാഹരണങ്ങള്‍ സഹിതം അദ്ദേഹം വിശദീകരിച്ചുതന്നത് ഇന്നും മനസ്സില്‍ മായാതെ കിടക്കുന്നു. വിവിധ വിഷയങ്ങളിലൂടെ വിവരണം കടന്നുപോവുമ്പോള്‍ ആ വിജ്ഞാനസാഗരത്തിന് മുന്നില്‍ പലപ്പോഴും ഞാന്‍ കണ്ണ് മിഴിച്ചിരുന്നിട്ടുണ്ട്. ഞാനായിരുന്നു പലപ്പോഴും ക്ലാസില്‍ കിതാബ് വായിച്ചു കൊക്കാറുണ്ടായിരുന്നത്. വിവരണത്തില്‍ മുഴുകി ചിലപ്പോഴൊക്കെ വായിക്കുന്നത് പോലും മറന്ന് ഒരുനിമിഷം അങ്ങനെ ഇരുന്ന് പോകും, ഉടനെ വരും ആ ശബ്ദം, മുസ്‌ലിയാരേ, അന്തം വിട്ടിരിക്കാനുള്ളതല്ല ഈ സമയം, 140 കുട്ടികളുണ്ട് ഇവിടെ, നിങ്ങള്‍ ഒരു മിനുട്ട് വായിക്കാതെ ഇരുന്നാല്‍ 140 മിനുട്ടാണ് നഷ്ടപ്പെടുന്നത്.
സമയത്തിന് അത്രമേല്‍ പ്രാധാന്യവും മൂല്യവും കല്‍പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ജീവിതരീതികളൊക്കെയും.
കഴിഞ്ഞ ഏതാനും മാസങ്ങളായി ശാരീരികാസ്വാസ്ഥ്യങ്ങള്‍ ഏറെയുണ്ടായിരുന്നു അദ്ദേഹത്തിന്. ആ അവശതകള്‍ക്കിടയിലും ഒരിക്കലും ക്ലാസ് മുടക്കാറില്ലായിരുന്നു. മുകളിലെ നിലയിലെ ക്ലാസ് റൂമിലേക്ക് കയറാന്‍ സാധ്യമാവാതെ വരുമ്പോള്‍ കുട്ടികളെ താഴെയുള്ള പള്ളിയിലേക്ക് വിളിച്ചുവരുത്തി ക്ലാസ് എടുക്കാറായിരുന്നു അദ്ദേഹം ചെയ്തിരുന്നത്. തന്നിലര്‍പ്പിതമായ ഉത്തരവാദിത്വം നിര്‍വ്വഹിക്കണമെന്ന കര്‍ക്കശമായ സൂക്ഷ്മതക്കൊപ്പം വിജ്ഞാനത്തിനായി സമയം ചെലവഴിക്കുകയെന്ന അടങ്ങാത്ത ആഗ്രഹം കൂടിയായിരുന്നു അതിന് പിന്നില്‍. വിജ്ഞാനം ആര്‍ജ്ജിക്കുകയും അത് പ്രസരണം ചെയ്യുകയും ചെയ്യുക എന്നതിലുപരി ആ ജീവിതത്തില്‍ വേറെ മോഹങ്ങളില്ലായിരുന്നു. കഴിഞ്ഞ വര്‍ഷം ദുബൈ ഔഖാഫിന്റെ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് പരിപാടിയില്‍ പങ്കെടുക്കാന്‍ ഉസ്താദിനും ക്ഷണം ലഭിച്ചിരുന്നു. പക്ഷേ, അതിലൊന്നും കാര്യമായ താല്‍പര്യം കാണിക്കാതെ മാറിനില്‍ക്കാനായിരുന്നു ഉസ്താദ് ശ്രമിച്ചത്.
പ്രകടനപരതയില്ലാത്ത ആത്മീയത
ആത്മീയതയുടെ പ്രകടനപരതയില്‍ ഒട്ടുമേ വിശ്വസിക്കാത്തതായിരുന്നു ആ പ്രകൃതവും ജീവിതവും. മനസ്സില്‍ സദാസമയവും ദിക്റും തസ്ബീഹുമായി നടന്നപ്പോഴും ആ കൈയ്യില്‍ ഒരു തസ്ബീഹ് മാല പോലും കാണാമായിരുന്നില്ല. ഇരുപത്തിനാല് മണിക്കൂറും കൈയ്യില്‍ തസ്ബീഹ് മാലയുമായി നടക്കുന്ന എത്രയോ ആളുകളേക്കാള്‍, അല്ലാഹുവിങ്കല്‍ സ്വീകാര്യരാവുന്നത് പകലന്തിയോളം പാടത്ത് പണിയെടുത്ത് അഞ്ച് നേരം കൃത്യമായി നിസ്കാരം നിര്‍വ്വഹിക്കുന്നവരായിരിക്കുമെന്ന് ഉസ്താദ് ഇടക്കിടെ ഓര്‍മ്മിപ്പിക്കാറുണ്ടായിരുന്നു.
ചില വിദ്യാര്‍ത്ഥികളൊക്കെ പഠനത്തില്‍ കാര്യമായി ശ്രദ്ധിക്കാതെ സ്വലാതും ദിക്റുമായി കൈയ്യില്‍ തസ്ബീഹ് മാലയും പിടിച്ച് നടക്കുന്നത് കാണുമ്പോള്‍ ഉസ്താദിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു, മുസ്‌ലിയാരേ, ഈ തട്ടിപ്പ് കൊണ്ടൊന്നും കാര്യമില്ല, കിതാബ് ഓതിപ്പഠിക്കണം, കിതാബ് ഓതുന്നതിനേക്കാള്‍ വലിയ വേറെ ഇബാദതൊന്നുമില്ല.
ചിലരൊക്കെ പഠിക്കുന്നുവെന്ന് വരുത്താനായി, സംശയങ്ങളുമായി ഉസ്താദിന്റെ റൂമിലെത്തും. അങ്ങനെ വരുന്നവര്‍ക്ക് വിഷയത്തില്‍ എത്രമാത്രം ധാരയുണ്ടെന്ന് ഒറ്റ ചോദ്യത്തിലൂടെ ഉസ്താദ് മനസ്സിലാക്കും. ശേഷം, ലൈബ്രറി ചൂണ്ടിക്കൊണ്ട് പറയും, മുസ്‌ലിയാരേ, ആ കാണുന്നതെന്താണെന്നറിയോ, കുതുബ്ഖാന. അവിടെ കുറെ കിതാബുകളുണ്ട്, അതിലുണ്ട് ഇതിനൊക്കെയുള്ള മറുപടി, അതൊക്കെ പോയി നോക്കുക, എന്നിട്ടും തിരിഞ്ഞില്ലെങ്കില്‍ ഇങ്ങോട്ട് വന്നാല്‍ മതി.
അധ്യാപനത്തോടൊപ്പം സംസ്കരണം കൂടിയായിരുന്നു ഈ വാക്കുകളിലൂടെ അവിടന്ന് നിര്‍വ്വഹിച്ചത്.
ഒരിക്കല്‍ തറാവീഹിനെ കുറിച്ചുള്ള ചര്‍ച്ചയില്‍ പ്രവാചകരുടെ കാലത്ത് എന്ത് കൊണ്ട് വ്യവസ്ഥാപിതമായി അത് ജമാഅതായി നിര്‍വ്വഹിക്കപ്പെട്ടില്ലെന്ന് ഉസ്താദ് വിശദീകരിച്ചത് ഞാന്‍ ഇന്നും ഓര്‍ത്തുപോവുന്നു. ഇസ്‌ലാമിക സംസ്കാരത്തിന്റെ ഉല്‍ഭവത്തിന്റെയും വികാസത്തിന്റെയും വിവിധ ഘട്ടങ്ങളെ അനാവരണം ചെയ്ത ശേഷം അദ്ദേഹം പറഞ്ഞു, ഓരോ സംസ്കാരത്തിനും രാഷ്ട്രത്തിനും സമൂഹത്തിനും അതിന്റെ ഉല്‍ഭവത്തിലും വികാസത്തിലും അതിന്റേതായ മുന്‍ഗണനാക്രമമുണ്ട്. അതനുസരിച്ചേ അതൊക്കെ നടക്കാവൂ. ഓരോ കാര്യങ്ങള്‍ക്കും അതിന്റെ സമയാവേണ്ടതുണ്ട്. തറാവീഹ് നിസ്കാരവും അത് ജമാഅതായി നിര്‍വ്വഹിക്കലുമൊക്കെ ഇസ്‌ലാമിക ആരാധനാകര്‍മ്മങ്ങളുടെ സൌകുമാര്യതയും സൌന്ദര്യവുമാണ്. അത് നടപ്പിലാക്കാന്‍ സമയം പാകപ്പെടുന്നത് ഉമര്‍(റ)വിന്റെ കാലത്താണ്. ആഭ്യന്തരപ്രശ്നങ്ങളാല്‍ ഏറെ കലുശിതമായിരുന്ന അബൂബക്റ് (റ)വിന്റെ കാലത്തും അത്തരം കാര്യങ്ങള്‍ ചിന്തിക്കാന്‍ സാധ്യമായിരുന്നില്ല.
പാരമ്പര്യവിഷയങ്ങളെ താത്വികമായി എങ്ങനെ അവലോകനം ചെയ്യാമെന്ന ഏറ്റവും വലിയ പാഠമായിരുന്നു അതിലൂടെ ഉസ്താദ് ഞങ്ങള്‍ക്ക് കൈമാറിയത്. വര്‍ഷങ്ങള്‍ക്ക് ശേഷം ബെഗോവിച്ചിന്റെ ഇസ്‌ലാം രാജമാര്‍ഗ്ഗം വായിച്ചപ്പോള്‍ ഇസ്‌ലാമിക ചരിത്രത്തിന്റെ സമാനവായന എനിക്ക് അവിടെ കാണാനായി. അപ്പോള്‍ അറിയാതെ എന്റെ മനസ്സ് കാളമ്പാടി ഉസ്താദിന്റെ ആ വാക്കുകളിലേക്ക് മടങ്ങിപ്പോയി, പരമ്പരാഗത ഗ്രന്ഥങ്ങള്‍ മാത്രം ഓതിപ്പഠിച്ച ആ മഹാപണ്ഡിതന്‍ തന്റെ സ്വതസിദ്ധശൈലിയിലൂടെ അന്ന് അവതരിപ്പിച്ചതും ഇതു തന്നെയായിരുന്നില്ലേ എന്ന് വീണ്ടും വീണ്ടും ഞാന്‍ ഓര്‍ത്തുപോയി.
ആ സ്മരണകള്‍ക്ക് മുമ്പില്‍ ഒലിക്കുന്ന കണ്ണുകളെ നിയന്ത്രിക്കാനാവുന്നില്ല. കേരളീയ മുസ്‌ലിം സമൂഹത്തിന് തണല്‍വിരിച്ച് നിന്ന് ഒരു വടവൃക്ഷമാണ് ഇതിലൂടെ നഷ്ടമാവുന്നത്.
ആ ഭൌതികപൂമേനി ആറടി മണ്ണിലേക്ക് വെക്കുമ്പോള്‍, മുമ്പൊരു അറബി കവി ചോദിച്ചതാണ് എനിക്കും ചോദിക്കാനുള്ളത്, എങ്ങനയാണ് ആ വിജ്ഞാനസാഗരം നിങ്ങള്‍ക്ക് മണ്ണിലേക്ക് വെക്കാന്‍ കഴിയുന്നത്, ആ വിജ്ഞാനകോശത്തിന് മുകളിലേക്ക് മണ്ണ് വാരിയിടാന്‍ എങ്ങനെയാണ് നിങ്ങള്‍ക്ക് സാധിക്കുന്നത്.
ആ വിയോഗം നിമിത്തമുള്ള സമൂഹത്തിലെ വിടവ് നാഥന്‍ നികത്തുമാറാവട്ടെ..
അല്ലാഹുമ്മ ലാ തഹരിംനാ അജ്റഹു.. വലാ തഫ്തിന്നാ ബഅ്ദഹു…അല്ലഹുമ്മ ലാ തഫ്തിന്നാ ബഅ്ദഹ്……….
-ഓണമ്പിള്ളി മുഹമ്മദ് ഫൈസി, എസ്.കെ.എസ്.എസ്.എഫ് ജനറല്‍സെക്രട്ടറി
-തയ്യാറാക്കിയത്- മജീദ് ഹുദവി പുതുപ്പറമ്പ്
അക്ഷരങ്ങള്‍ ചൊല്ലിപ്പഠിച്ചിരുന്ന ഓത്തുപള്ളിക്കാലം
KA Razak Kodakkad
(ഇന്ന് (02/10/2012) നമ്മോട് വിട പറഞ്ഞ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റും പ്രമുഖ പണ്ഡിതനുമായിരുന്ന ശൈഖുനാ കാളമ്പാടി മുഹമ്മദ് മുസ്‌ലിയാരുമായി നടന്ന ഒരു പഴയ അഭിമുഖത്തില്‍ നിന്ന്.)
ഭൂമിയിലേക്ക് കുനിഞ്ഞുനോക്കിയുള്ള നടത്തം, ഭൂമി പറയുന്നതെന്തോ കേള്‍ക്കാനാണെന്നു തോന്നും. അധികം അമരാത്ത ആ നടത്തത്തില്‍ ഭൂമിക്കുപോലും വേദനിക്കില്ല. ആ തലോടല്‍ എന്നുമുണ്ടാകണേ എന്നു ഭൂമി കൊതിക്കുന്നതുപോലെ. കേരള മുസ്‌ലിംകള്‍ തങ്ങളുടെ പൊതുധാരയുടെ നേതൃത്വം ഈ മഹാപണ്ഡിതനില്‍ വന്നത് ഉള്‍കുളിരുന്ന അഭിമാനത്തോടെയാണ് സ്വീകരിച്ചത്. തല നെഞ്ചിലേക്ക് കുനിച്ചു പിടിച്ചു കുനിഞ്ഞിരുന്ന് പറഞ്ഞുതന്നതൊക്കെ ഒരു ദേശത്തിന്റെയും ദേശക്കാരുടെയും ഒരു കാലത്തെ അനുഭവസത്യങ്ങളായിരുന്നു. പഠിക്കല്‍, പഠിപ്പിക്കല്‍, ഉപജീവനവഴികള്‍, വെളിച്ചം തന്ന മഹാ ജീവിതങ്ങള്‍- ഒക്കെ കയറിവന്നു ആ സംസാരത്തില്‍.
കിതാബ് പറഞ്ഞുകൊടുക്കാന്‍ തുടങ്ങിയിട്ട് അമ്പതു വര്‍ഷം പൂര്‍ത്തിയായി. എന്താണ് അനുഭവം. പഠിക്കുന്ന കാലത്തേക്കാള്‍ പഠിപ്പിക്കുന്ന കാലത്താണോ കൂടുതല്‍ കിതാബ് നോക്കാനായത്?
അത്, ആയുസ് കൂടുതലുള്ളവര്‍ക്ക് അതിന്റെ അവസരമുണ്ടാകും. മുതഅല്ലിമീങ്ങള്‍ ബുദ്ധിയുള്ളവരും ഓതിപ്പഠിക്കുന്നവരുമായാല്‍ ഉസ്താദുമാര്‍ ആഴമുള്ള കാര്യങ്ങള്‍ ചിന്തിക്കേണ്ടിവരും. ബാഖിയാത്തില്‍നിന്നു പിരിഞ്ഞ 1961-ലാണ് ഞാന്‍ ദര്‍സ് തുടങ്ങുന്നത്. ഇത് ഇപ്പോള്‍ അമ്പത് വര്‍ഷമായി.
ഇപ്പോള്‍ വയസ് 75ന് മുകളിലുണ്ടാവും. 25നു മുമ്പ് ദര്‍സ് തുടങ്ങിയിട്ടുണ്ട്. ഏകദേശ കണക്കാണ്. അരീക്കോട് താഴത്തങ്ങാടി വലിയ ജുമുഅത്ത് പള്ളിയിലായിരുന്നു ആദ്യ ദര്‍സ്. കിടങ്ങഴി അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ മുഖേന ആ നാട്ടുകാര്‍ കോട്ടുമല ഉസ്താദിന്റെ അടുത്തു വന്ന് അന്വേഷിച്ചതാണ്. ഉസ്താദാണ് എന്നെ അങ്ങോട്ട് പറഞ്ഞയച്ചത്. ഉദ്ഘാടനത്തിന് ആരുമുണ്ടായിരുന്നില്ല. ഞാന്‍ തന്നെ തുടങ്ങിക്കൊടുത്തതാണ്. സാധാരണ ദര്‍സുകളിലെ എല്ലാ കിതാബും അവിടെ ദര്‍സുണ്ടായിരുന്നു. പകലും ഇശാ-മഗ്‌രിബിന്നിടയിലുമൊക്കെ ദര്‍സുണ്ടാകും. സുബ്ഹിക്കു ശേഷം തുടങ്ങിയിരുന്നു. കുട്ടികള്‍ പുരയിലേക്ക് ചെലവിനു പോകും. രാവിലെ ചായ, ഉച്ചക്ക് ചോറ്, രാത്രി കഞ്ഞി, പത്തുമണിക്കും അസ്വറിനു ശേഷവും ചായയോ കഞ്ഞിയോ ഉണ്ടാകും. ഇതാണ് എന്റെ ഭക്ഷണം. ഇത് ഞാന്‍ പരപ്പനങ്ങാടിയില്‍ ഓതുന്ന കാലത്ത് ശീലമാക്കിയതാണ്. ഇപ്പോഴും ഇങ്ങനെതന്നെ. ഏറ്റവും ആദ്യം ഓതിക്കൊടുത്തത് ഫത്ഹുല്‍ മുഈനാണ്. ജലാലൈനി, ശറഹുതഹ്ദീബ്, ബുഖാരി തുടങ്ങിയ വലിയ കിതാബുകളും അവിടെ പഠിപ്പിച്ചിരുന്നു. 12 കൊല്ലം അവിടെ ദര്‍സ് നടത്തി. ഖാളിപ്പണിയുണ്ടായിരുന്നു. കൊല്ലപ്പഴക്കം വന്നു. നാട്ടുകാര്‍ അനുസരണ കുറഞ്ഞു. വിദ്യാര്‍ത്ഥികളും കമ്മിയായി. അങ്ങനെ അവിടുന്നു പോന്നു. ശേഷം ആരീക്കോടിനടുത്തുള്ള മൈത്രയില്‍ രണ്ടു വര്‍ഷം ദര്‍സ് നടത്തി; കൊണ്ടോട്ടിക്കടുത്ത മുണ്ടക്കുളത്തും കാച്ചിനിക്കാടും ഓരോ വര്‍ഷവും. രണ്ടു കൊല്ലം മുണ്ടംപറമ്പും ശേഷം നെല്ലിക്കുത്തുമായിരുന്നു ദര്‍സ്. അവിടെ പത്തു വര്‍ഷമുണ്ടായിരുന്നു. നെല്ലിക്കുത്ത്, ഞാന്‍ ചെല്ലുന്ന അന്നവിടെ ഒരു ജുമുഅത്ത് പള്ളിയായിരുന്നു ഉണ്ടായിരുന്നത്. മറ്റുള്ളവയൊക്കെ സ്രാമ്പി പള്ളികളായിരുന്നു. ശേഷം കിടങ്ങയത്തായിരുന്നു ദര്‍സ്; അഞ്ചു വര്‍ഷം. പിന്നെ ജാമിഅയിലേക്ക് പോന്നു. ഒരു ദര്‍സിലും അസിസ്റ്റന്റ് മുദര്‍രിസുമാരുണ്ടായിരുന്നില്ല. കൂടുതല്‍ മുതഅല്ലിമീങ്ങള്‍ അരീക്കോട്, മുണ്ടക്കുളം, നെല്ലിക്കുത്ത് എന്നിവിടങ്ങളിലായിരുന്നു. മുപ്പതും മുപ്പത്തിയഞ്ചുമൊക്കെയുണ്ടാകും.
ആദ്യകാലത്തെ മുതഅല്ലിമുകള്‍ ഇപ്പോഴും ബന്ധപ്പെടാറുണ്ടോ?
ഉണ്ട്, ചിലരൊക്കെ മരിച്ചുപോയി. അധികപേര്‍ക്കും മദ്‌റസയിലാണ് ജോലി.
അരീക്കോട് മുജാഹിദുകള്‍ ശ്രദ്ധിക്കുന്ന സ്ഥലമാണല്ലോ. ഉസ്താദ് ആദ്യം ദര്‍സ് തുടങ്ങിയതും അവിടെയാണ്. അന്നൊക്കെ എന്തായിരുന്നു അവസ്ഥ?
ഞാന്‍ ചെല്ലുന്ന അന്ന് സ്വാധീനമുണ്ടായിരുന്നു. വന്നതിനുശേഷം കുറേ മുജാഹിദുകള്‍ സുന്നിയായിട്ടുണ്ട്. ക്രമേണ മുജാഹിദുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി കുറയുകയായിരുന്നു. പിന്നെ കൂടുതലും സുന്നികളായി. അവരുടെ സംഘടന രൂപീകരിക്കുന്ന കാലത്തുള്ളവരല്ലാത്തവരൊക്കെ വേര്‍പിരിഞ്ഞു. അവരുടെ വലിയ ഊക്കൊക്കെ അമര്‍ന്നുപോയി.
ഒരു സുന്നിക്ക് തലയുയര്‍ത്തി നടക്കാന്‍ നിവൃത്തിയുണ്ടായിരുന്നില്ല. അങ്ങനെയായിരുന്നു അവിടുത്തെ സ്ഥിതി. സംവാദങ്ങളൊന്നുമുണ്ടായിട്ടില്ലെങ്കിലും സുന്നികള്‍ അവരുടെ അനുഷ്ഠാനങ്ങള്‍ പുറത്തുകൊണ്ടുവന്നു. അങ്ങനെ, മുജാഹിദും സുന്നികളോടൊപ്പം കൂടി. അവര്‍ക്ക് കെട്ടു ബന്ധങ്ങള്‍ ഉണ്ടായിരുന്നു. മൗലിദ്, നേര്‍ച്ച….എല്ലാറ്റിലും അവര്‍ പിന്നെ പങ്കെടുക്കും.
ഓത്തുപള്ളി
കേരളീയ മുസ്‌ലിംകള്‍ ഇസ്‌ലാമികമായ അറിവുകള്‍ ഉയര്‍ത്തിക്കൊണ്ടുവന്നതിന്റെ വഴികള്‍ പലതാണ്. ഓത്തുപള്ളികള്‍ ഇവിടെ വലിയ പങ്കാണ് നിര്‍വഹിച്ചത്. നിര്‍മാണത്തിലും നടത്തിപ്പിലും വൈവിധ്യം പുലര്‍ത്തിയിരുന്ന ഇവ മുസ്‌ലിം നവോത്ഥാന നീക്കങ്ങളെ ഗുണപരമായി ബാധിച്ചിട്ടുണ്ട്. കേരളത്തിലെ പരമ്പരാഗത സമുദായത്തിന്റെ വിദ്യാഭ്യാസപരമായ ഒരുക്കിവെപ്പുകളെ കുറിച്ച് ഉറപ്പുള്ള ധാരണകള്‍ ഈ ഓത്തുപള്ളികള്‍ കൈമാറുന്നു. കൃത്യമായ കാലനിര്‍ണയം നടത്താന്‍ കഴിയാത്ത ഈ പഠനസംവിധാനം എങ്ങനെയായിരുന്നു? കേരളത്തിലെ ഇസ്‌ലാമിക വരവോളം പഴക്കം അനുമാനിക്കാവുന്ന ഓത്തുപള്ളികളില്‍ എഴുത്തിനെക്കാള്‍ ഓത്തായിരുന്നോ നടന്നിരുന്നത്? ഓത്തുപള്ളി എന്നാണല്ലോ പേര്. നാടുകളില്‍ എവിടെയായിരുന്നു ഇത് നടന്നിരുന്നത്? അന്നത്തെ ജനത ഓത്തുപള്ളി മൊല്ലാക്കയെ എങ്ങനെയാണ് പരിഗണിച്ചു പോന്നത്?
ഓരോ നാട്ടിലും അവരവര്‍ക്ക് സൗകര്യമുള്ളിടത്താണ് ഓത്തുപള്ളികളുണ്ടാക്കുക. മൊല്ലാക്ക അധികവും ആ നാട്ടുകാരന്‍ തന്നെയായിരിക്കും. വിദേശികള്‍ വളരെ കുറവാണ്. മൊല്ലാക്കയാകാന്‍ പ്രത്യേക തഹ്‌സീലൊന്നുമുണ്ടായിരുന്നില്ല. അദ്ദേഹവും ഇങ്ങനെ ഓത്തുപള്ളികളില്‍ പഠിച്ച് വലുതായതാണ്. സ്വന്തം വീട്ടിലാണ് മൊല്ലാക്കാന്റെ നിത്യചെലവ്.
ആളുകള്‍ ഇവിടേക്ക് പഠിക്കാന്‍ വരുമായിരുന്നു. ഇവിടന്ന് മൊല്ലാക്ക എഴുതിക്കൊടുത്തത് കുട്ടികള്‍ ഒതിപ്പഠിക്കും. മുരുക്കിന്റെയോ മൂച്ചിയുടെയോ പലക ഈര്‍ന്ന് കൊണ്ടുനടക്കാന്‍ കഴിയുന്ന പാകത്തില്‍ ഉണ്ടാക്കും. ചൗടി മണ്ണ് കൊണ്ട് പലക ശരിക്ക് കഴുകിയിട്ട് അത് തേച്ച് വെയിലില്‍ ഉണക്കും. അപ്പോള്‍ നിറം കിട്ടും. എന്നിട്ട് അതിന്മേല്‍ മൊല്ലാക്ക എഴുതിക്കൊടുക്കും.
അറബി മഷികൊണ്ടാണ് എഴുതുക. ഈ മഷി ഇപ്പോഴും വാങ്ങാന്‍ കിട്ടും. അച്ചടിമഷിക്കാരുടെ അടുത്ത് കാണും. കറുപ്പാണ് അതിന്റെ കളര്‍. മൊല്ലാക്ക പലകയില്‍ എഴുതിത്തന്നത് പഠിച്ചുകഴിഞ്ഞാല്‍ വെള്ളം പാര്‍ന്ന് പലക മായ്ച്ചു കളയും. പിന്നെയും ആദ്യം ചെയ്തപോലെ ചൗടി മണ്ണ് തേച്ച് ഉണക്കാന്‍ വെയിലില്‍ വെക്കും. പിന്നെയും എഴുതും.
അലിഫ്, ബാഅ്, താഅ് അങ്ങനെ എഴുതി കാണാതെ പഠിക്കുക. ഇതാണ് പഠനരീതി. മൊല്ലാക്ക എഴുതിക്കൊടുക്കും. കുട്ടികള്‍ ഇരുന്ന് പഠിക്കുക. കുട്ടികള്‍ എഴുതാറില്ല. കുറച്ചു വലുതായാലാണ് അവര്‍ എഴുതിപ്പഠിക്കുക. പുള്ളിയില്ലാത്ത അലിഫ്, താഴെ പുള്ളിയുള്ള ബാഅ്, ഖാഇന് പുള്ളി മേലെ, ഹാഇന് പുള്ളിയില്ല, ജീമിന് പുള്ളി താഴെ എന്നിങ്ങനെ മൊല്ലാക്ക പറഞ്ഞ് എഴുതിത്തരും. കുട്ടികള്‍ അങ്ങനെ ചൊല്ലി പഠിക്കും.
ഈ പഠനം സൂറത്തുല്‍ ഫാതിഹ തുടങ്ങുന്നതു വരെയുണ്ടാകും. അതിന് വര്‍ഷത്തിന്റെ കണക്ക് പതിവില്ല. ചിലര്‍ക്ക് ഒരു മാസം കൊണ്ട് തീരും. ചിലര്‍ക്ക് ആറു മാസം പിടിക്കും. ആദ്യം ഫാതിഹയാണ് ഓതിപ്പഠിക്കുക. പിന്നെ നാസ് മുതല്‍ മുകളിലേക്ക് കാല്‍ ജുസ്അ്, അര ജുസ്അ് അങ്ങനെ പോകും.
ഫാതിഹയും പലകയില്‍ എഴുതി കൊടുക്കുമായിരുന്നു. മൊല്ലാക്ക പറഞ്ഞുകൊടുക്കും. പഠിച്ച മുതിര്‍ന്ന കുട്ടികളും പറഞ്ഞുതരാന്‍ ഉണ്ടാകും. ക്ലാസായി വേര്‍തിരിക്കുകയൊന്നുമില്ല. വലിയവരും ചെറിയവരും കൂട്ടായും വേറിട്ടും ഇരിക്കാറുണ്ട്. ഏകദേശം എല്ലാ നാടുകളിലും ഇങ്ങനെ ഓത്തുപള്ളികളുണ്ടായിരുന്നു.
ഓത്തുപള്ളിയില്‍ പഠിക്കുമ്പോള്‍ തന്നെ ഞാന്‍ ഇശാ-മഗ്‌രിബിനിടയില്‍ ദര്‍സിന് പോകുമായിരുന്നു. അത് പകലുണ്ടാകാറില്ല. ഈ ദര്‍സും ഓത്തുപള്ളിയുമെല്ലാം മലപ്പുറം കുന്നുമ്മലായിരുന്നു. മുസ്ഹഫ് മുപ്പത് ജുസ്ഉം ഓതിത്തീര്‍ന്നാലാണ് ഓത്തുപള്ളി പഠനം തീരുക. ഇങ്ങനെ മുപ്പത് ജുസ്ഉം ഓതിപ്പഠിച്ചാണ് ഞാന്‍ ദര്‍സ് പഠനം തുടങ്ങുന്നത്.
ഓത്തുപഠനത്തിനു പുറമെ നിസ്‌കാരക്കണക്കുകള്‍, സബീനകള്‍, മുനാജാത്തുകള്‍ ഒക്കെ ഇവിടെ നിന്ന് പഠിപ്പിക്കും. മുഹ്‌യിദ്ദീന്‍ മാല, രിഫാഈ മാല തുടങ്ങിയ മാല-മൗലിദുകള്‍, പാട്ടുകള്‍ എല്ലാം നല്ലവണ്ണം പഠിപ്പിച്ചിരുന്നു. ഓത്തുപള്ളി പഠനം തീരുമ്പോഴേക്ക് അത്യാവശ്യം ഒരു കിതാബ് ഓതിയ മനുഷ്യനായിത്തീരും എന്നു പറയാം. സബീനയിലായിരുന്നു നിസ്‌കാരക്കണക്കുകള്‍ ഉണ്ടായിരുന്നത്. മശാഇഖന്മാരെ വന്ദിച്ചുണ്ടാക്കിയതായിരിക്കും പാട്ടുകള്‍. അമലിയ്യാത്തും ദീനിയ്യാത്തും പ്രധാനമായി പഠിപ്പിച്ചിരുന്നു. അത് ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി ഉണ്ടാക്കിയതാണെന്ന് തോന്നുന്നു. തല മുതല്‍ അവസാനം വരെ പഠിപ്പിക്കും. അറബി മലയാളത്തിലായിരുന്നു അത്. പടപ്പാട്ടുകളും ഇവിടെന്നു പഠിച്ചിരുന്നു. ഇതൊക്കെ ജനങ്ങള്‍ ഇശാ-മഗ്‌രിബിനിടയില്‍ ചൊല്ലല്‍ പതിവാണ്. ഞാന്‍ പാട്ടുപഠിക്കാന്‍ മെനക്കെട്ടിട്ടില്ല. ഓത്തിനുശേഷം സ്‌കൂള്‍ പഠനത്തിന് പോകുകയായിരുന്നു.
ഓത്തുപള്ളിയില്‍ പഠിപ്പിക്കുന്നതിന് മൊല്ലാക്കാക്ക് ശമ്പളമുണ്ടായിരുന്നു. ആഴ്ചയില്‍ ‘വ്യാഴാഴ്ചക്കായി’ എന്നു പറഞ്ഞ് ഓരോ കുട്ടികളും അത് കൊണ്ടുവന്നു കൊടുക്കും. ഒരു കുട്ടി ഒരു മുക്കാലാണ് കൊടുക്കാറ്. നാല് മുക്കാല്‍ ഒരണ. 16 അണ ഒരു ഉറുപ്പിക എന്നാണ് അന്നത്തെ കണക്ക്. സമസ്തയുടെ മദ്‌റസയും പുസ്തകവും ഉണ്ടാകുവോളം ഈ സ്ഥിതി നിലനിന്നിരുന്നു.
ഓത്തുപള്ളികളില്‍ സ്‌കൂള്‍ വിഷയങ്ങളും പഠിപ്പിച്ചിരുന്നോ? എപ്പോഴാണ് അതിന് സമയം നിശ്ചയിക്കപ്പെട്ടത്?
നേരം വെളുത്ത് അസ്വ്ര്‍ വാങ്ക് കൊടുക്കുന്നതു വരെ ഓത്തുപള്ളിയില്‍ പഠനം ഉണ്ടാകും. രാവിലെ വിശപ്പിന് വല്ലതും കഴിച്ചിട്ടായിരിക്കും തുടങ്ങുക. പത്തു മണിക്കും ഉച്ചയ്ക്കും ഒന്നു വിടും. ഭക്ഷണത്തിനുള്ള സമയമാണത്. സ്‌കൂളില്‍ പോകാത്തിടത്താണ് ഇങ്ങനെയുണ്ടായിരുന്നത്. സ്‌കൂളില്‍ പോകുന്നവര്‍ക്ക് രാവിലെ പത്തുമണി വരെയും പോകാത്തവര്‍ക്ക് വൈകുന്നേരം വരെയുമാണ് പഠനമുണ്ടാവുക. എല്ലാവരുമൊന്നും സ്‌കൂളില്‍ പോകാറില്ല. പത്തില്‍ രണ്ടെണ്ണമൊക്കെയാണ് പോവുക. ഇത് എല്ലാ സമുദായത്തിലെയും സ്ഥിതിയാണ്. ചില സ്ഥലത്ത് ഓത്തുപള്ളിയും സ്‌കൂളും ഒന്നായിരിക്കും. അവിടെ ഒമ്പതര പത്തുമണി വരെ ഓത്തുപള്ളി പഠനമാണ്. ശേഷം വൈകുന്നേരം വരെ സ്‌കൂള്‍ പഠനവുമുണ്ടാകും.
ഞാന്‍ മലപ്പുറം കുന്നുമ്മലുള്ള ഓത്തുപള്ളിയിലേക്കാണ് പോയിരുന്നത്. അവിടെ ഇങ്ങനെയായിരുന്നു പഠനം. എന്റെ നാട്ടിലെ ഓത്തുപള്ളിയില്‍ ഞാന്‍ പോയിരുന്നില്ല. പത്തു മണിക്ക് ഓത്തുപള്ളി പഠനം കഴിഞ്ഞ് പിന്നെ സ്‌കൂളിലേക്ക് പോകും.
അന്ന് സ്‌കൂള്‍ പഠനത്തിന് പ്രത്യേക പുസ്തകം ഉണ്ടായിരുന്നു. എല്ലാവര്‍ക്കും അതുണ്ടാകും. അധ്യാപകരില്‍ മുസ്‌ലിം-അമുസ്‌ലിം, ആണ്‍-പെണ്‍ വ്യത്യാസമുണ്ടായിരുന്നില്ല. ഇംഗ്ലീഷ്, കണക്ക്, ഭൂമിശാസ്ത്രം തുടങ്ങിയവ അവിടന്ന് പഠിച്ചിരുന്നു. ഇംഗ്ലീഷ് രണ്ടാം ക്ലാസില്‍ നിന്ന് തുടങ്ങി. അഞ്ചാം ക്ലാസ്സുവരെയായിരുന്നു എന്റെ സ്‌കൂള്‍ പഠനം. അധികസ്ഥലത്തും ഓത്തുപള്ളിയും സ്‌കൂളും ഒരേ സ്ഥലത്തായിരുന്നു. ചിലയിടത്ത് രണ്ടും വേറിടത്ത് തന്നെയായിരുന്നു. ഓത്തുപള്ളിയില്‍ മുസ്‌ലിംകളേ വരാറുള്ളൂ. പക്ഷേ, ഓത്തുപള്ളി സ്‌കൂളില്‍ എല്ലാവരും വരും. സ്‌കൂള്‍ സൗകര്യത്തിനുവേണ്ടി പിന്നെ രണ്ടാക്കുകയായിരുന്നു.
ഓത്തുപള്ളികളില്‍ പഠനത്തിന് പുറമെ മറ്റെന്തെങ്കിലും നടന്നിരുന്നോ?
ഇവിടെ ഓത്തുപള്ളി മൊല്ലാക്കാന്റെ വക നേര്‍ച്ചയൊക്കെ നടക്കാറുണ്ട്. റബീഉല്‍ അവ്വലില്‍ ഉണ്ടാകുമായിരുന്നു. ഓത്തുപള്ളിയില്‍ വെച്ചു തന്നെയായിരിക്കും അത് നടത്തുക. മൗലിദും ഉണ്ടാകും. നാട്ടുകാര്‍ പങ്കെടുക്കുമായിരുന്നു. ചീരണിയും ഉണ്ടാകും. റമളാനില്‍ ഓത്തുപള്ളിയില്‍ ഉച്ചവരെയായിരുന്നു പഠനം. ബാക്കിയുള്ള സമയം പള്ളിയില്‍ പോയി മുസ്ഹഫ് എടുത്ത് ഓതിയിരിക്കും.
ഓത്തുപള്ളിയില്‍ അഞ്ചു വര്‍ഷം പഠിച്ചുവെന്നത് ഉസ്താദ് പറഞ്ഞു. ഉസ്താദിന്റെ കുടുംബത്തില്‍ ആരെങ്കിലും ഓത്തുപള്ളി മൊല്ലാക്കാമാരായിരുന്നോ?
എന്റെ പിതാവ് ഒരു മൊല്ലാക്കയായിരുന്നു; നാട്ടില്‍ തന്നെ. ഞാന്‍ പിതാവില്‍നിന്നാണ് പഠിച്ചുതുടങ്ങിയത്. വൈകുന്നേരം വീട്ടില്‍ നിന്ന് ഖുര്‍ആന്‍ ഓത്ത് പഠിപ്പിക്കും. എന്റെ വാപ്പാന്റെ വാപ്പ കുഞ്ഞി മുഹ്‌യിദ്ദീന്‍ എന്നവരും മൊല്ലാക്കയാണ്. അദ്ദേഹം ഞങ്ങളുടെ പുരയില്‍ ഓത്ത് പഠിപ്പിക്കുമായിരുന്നു. ഇത് ഞാന്‍ ഇപ്പോള്‍ താമസിക്കുന്ന പുരയല്ല. ഞങ്ങളുടെ തറവാട്ട് പുരയായിരുന്നു. അതും കാളമ്പാടിയില്‍ തന്നെ. പരിയമണ്ണ, എം.എസ്.പി ക്യാമ്പ് എന്നിവിടങ്ങളില്‍ വല്ല്യുപ്പ ഖുതുബ ഓതിയിരുന്നു. ഖുതുബ മാത്രമാണുണ്ടായിരുന്നത്. കാവുങ്ങല്‍ ആദ്യമായി ഒരു ഓത്തുപള്ളി തുടങ്ങിയത് മുരിങ്ങേക്കല്‍ അഹ്മദ് ഹാജി എന്നയാളാണ്. അയാളുടെ പീടികയുടെ മുകളിലായിരുന്നു അത്. അദ്ദേഹം ശേഷം ഞങ്ങളുടെ കുടുംബക്കാരനായി.
ദര്‍സ് പഠനം
പഴയ കാലത്ത് കേരളത്തില്‍ മതപഠനത്തിന് രണ്ടു സംവിധാനങ്ങളാണുണ്ടായിരുന്നത്. ഒന്ന്, പ്രാഥമിക പഠനത്തിന് ഓത്തുപള്ളികളും രണ്ട്, ഉന്നത പഠനത്തിന് ദര്‍സുകളും. അഞ്ചു വര്‍ഷത്തെ ഓത്തുപള്ളി പഠനത്തിനുശേഷം ദര്‍സുകളില്‍ തന്നെയാണോ പഠനം തുടര്‍ന്നത്?
ഓത്തുപള്ളിയില്‍ പഠിക്കുമ്പോള്‍ തന്നെ ഇശാ-മഗ്‌രിബിനിടയില്‍ ഞാന്‍ മലപ്പുറം കുന്നുമ്മല്‍ ജുമുഅത്ത് പള്ളിയില്‍ പോയിരുന്നു. പത്തുകിത്താബാണ് ഓതിയിരുന്നത്. സൈതാലിക്കുട്ടി മുസ്‌ലിയാരാണ് ഓതിത്തന്നത്. ആദ്യമായി ഓതിയ കിതാബ് അതാണ്.
മലപ്പുറത്ത് മഞ്ചേരി റോഡിന് താഴ്ഭാഗത്തായിരുന്നു ആ പള്ളി. അതിപ്പോഴുമുണ്ട്. പത്തോ ഇരുപത്തിയഞ്ചോ കുട്ടികളുമുണ്ടാകും അന്ന്. അങ്ങോട്ട് നടന്നായിരുന്നു ഞങ്ങള്‍ പോയിരുന്നത്.
പിന്നെ കൂട്ടിലങ്ങാടി ജുമുഅത്ത് പള്ളിയില്‍ കുഞ്ഞബ്ദുല്ല മുസ്‌ലിയാരുടെ അടുക്കല്‍ ഓതി. നഹ്‌വിന്റെ കിതാബുകളാണ് ഓതിയത്. മൂന്നു കൊല്ലം വരെയുണ്ടായിരുന്നു അവിടെ. ശേഷം പഴമള്ളൂര്‍ അഹ്മദ് കുട്ടി മുസ്‌ലിയാരുടെ അടുത്ത് ഓതി. ജലാലൈനി, മിശ്കാത്ത് തുടങ്ങി കുറച്ച് കിതാബുകള്‍ അവിടെ നിന്ന് ഓതി. ശേഷം വറ്റല്ലൂരില്‍ പെരിമ്പലം ബാപ്പുട്ടി മുസ്‌ലിയാരുടെ അടുത്തേക്ക് പോയി. മുഖ്തസ്വറുല്‍ മആനി, ശര്‍ഹുത്തഹ്ദീബ്, തുഹ്ഫത്തുല്‍ ഇഖ്‌വാന്‍, തസ്വ്‌രീഹുല്‍ മന്‍തിഖ് തുടങ്ങിയ കിതാബുകള്‍ ഓതിപ്പഠിച്ചു. തുടര്‍ന്ന് എടരിക്കോട് പാലച്ചിറമാടില്‍ ചെറുശ്ശോല കുഞ്ഞി മുഹമ്മദ് മുസ്‌ലിയാരുടെ അടുക്കല്‍ ഓതി. രണ്ടു കൊല്ലമാണ് ഓതിയത്. ഖുതുബി, ഖുലാസ, സ്വഹീഹു മുസ്‌ലിം, ജംഉല്‍ ജവാമിഅ്, ഉഖ്‌ലൈദിസ്, തശ്‌രീഹുല്‍ അഫ്‌ലാക് എന്നീ കിതാബുകളാണ് അന്ന് ഓതിയത്.
ഇവിടെ പഠിക്കുമ്പോഴാണ് ആദ്യമായി ഖുതുബ ഓതുന്നത്. ഓതുന്ന പള്ളിയില്‍ തന്നെയായിരുന്നു ഖുതുബ. നാട്ടുകാര്‍ പറഞ്ഞിട്ടാണ് ഓതിയത്.
പിന്നീട് കോട്ടുമല ഉസ്താദിന്റെ അടുത്തേക്ക് പോയി. പരപ്പനങ്ങാടി പനയത്ത് പള്ളിയിലായിരുന്നു കോട്ടുമല ഉസ്താദ് ദര്‍സ് നടത്തിയിരുന്നത്. ഉസ്താദിന്റെ അടുക്കല്‍ രണ്ടു വര്‍ഷം ഓതി. ശര്‍ഹുല്‍ അഖാഇദ്, മഹല്ലി, ഖുതുബി മീര്‍, മുല്ലാ ഹസന്‍, ബുഖാരി, രിസാലതുല്‍ മാറദീനിയ്യ തുടങ്ങിയ കിതാബുകള്‍ ഓതി. ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ഹാശിയയോടു കൂടിയതായിരുന്നു രിസാലതുല്‍ മാറദീനിയ്യ. അന്ന് അധിക ദര്‍സുകളിലും ഈ കിതാബുണ്ടായിരുന്നു.
അക്കാലത്ത് പള്ളിദര്‍സുകളില്‍ സമാജങ്ങളോ പ്രസിദ്ധീകരണങ്ങളോ ഉണ്ടായിരുന്നോ?
സമാജങ്ങളൊന്നും അന്ന് അധിക ദര്‍സിലും ഉണ്ടായിരുന്നില്ല. അന്ന് നമുക്ക് ‘അല്‍ ബയാന്‍’ മാത്രമായിരുന്നു ഉണ്ടായിരുന്നത്. കുട്ടികള്‍ വെള്ളിയാഴ്ച വഅ്‌ളിന് പോകാറുണ്ടായിരുന്നു. ഞാന്‍ അങ്ങനെ പോയിരുന്നില്ല. ചെന്നാല്‍ തന്നെ അക്കാലങ്ങളില്‍ പള്ളികളില്‍ വഅ്‌ള് പറയാന്‍ കുട്ടികള്‍ക്ക് കഴിയുമായിരുന്നില്ല.
പരപ്പനങ്ങാടി പനയത്ത് പള്ളിയില്‍ കൂടെയുണ്ടായിരുന്ന ആദൃശ്ശേരി മുഹമ്മദ് മുസ്‌ലിയാര്‍ വഅ്‌ളിനു പോയിരുന്നു.ബാഖിയാത്ത്
ഹിജ്‌റ 1286-ല്‍ വെല്ലൂരില്‍ അഅ്‌ലാ ഹസ്‌റത് ബാനി അബ്ദുല്‍ വഹാബ് നിര്‍മിച്ച വിശ്വേത്തര പാഠശാലയായിരുന്നുവല്ലോ ബാഖിയാത്ത്. ഒരു പാഠശാലയെ കുറിച്ചുള്ള സ്വപ്നങ്ങള്‍ തന്നെ അസ്വസ്ഥപ്പെടുത്തിക്കൊണ്ടിരിക്കുമ്പോഴാണ് ഒട്ടാഞ്ചേരിയിലെ ഗനി തമ്പി(റ) എന്ന പണ്ഡിതന്‍ ബാനിയെ സമീപിക്കുന്നത്. ”മഹാനവര്‍കളേ, നിങ്ങളിപ്പോള്‍ നാടുനീളെ പ്രസംഗിക്കുന്നു. ജനങ്ങള്‍ പ്രസംഗം കേള്‍ക്കുന്നു. പക്ഷേ, അതിനുശേഷം അവര്‍ പഴയ അവസ്ഥയിലേക്കു തന്നെ മടങ്ങുന്നു. മാത്രമല്ല, നിങ്ങള്‍ക്ക് ഓരോ നാട്ടിലും ചെന്ന് ദീനീ പ്രബോധനം നടത്താന്‍ കഴിയണമെന്നുമില്ല. അതുകൊണ്ട് മുഴുവന്‍ സ്ഥലങ്ങളിലും പോയി ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കാന്‍ കഴിവുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കുക. അവര്‍ ഈ പ്രവര്‍ത്തനം സുഖമമായി നടത്തിക്കൊള്ളും.” ഗനിതമ്പിയുടെ ഈ വാക്കാണ് പിന്നീട് ബാഖിയാത്തിന്റെ രൂപീകരണത്തിന് പ്രധാനമായും വഴിത്തിരിവായത്. കേരളത്തില്‍ നിന്ന് ആദ്യമായി മൗലാന ചാലിലകത്ത് കുഞ്ഞഹമ്മദാജി ബാഖിയാത്തില്‍ പോയി പഠിച്ചു. പില്‍ക്കാലത്ത് നിരവധി പണ്ഡിതന്‍മാര്‍ അവിടെ പോയിരുന്നു. ഈ അറിവിന്റെ സന്നാഹവഴിയില്‍ ഉസ്താദും ഉള്‍ച്ചേര്‍ന്നു നിന്നിട്ടുണ്ട്. എന്തൊക്കെയായിരുന്നു അനുഭവങ്ങള്‍, ഓര്‍മകള്‍?
പരപ്പനങ്ങാടി ദര്‍സില്‍ നിന്ന് നേരെ വെല്ലൂര്‍ ബാഖിയാത്തിലേക്കാണ് പോയത്. കൂടെ ഒ.കെ അര്‍മിയാഅ് മുസ്‌ലിയാരും കോട്ടുമല മുഹമ്മദ് മുസ്‌ലിയാരും ഉണ്ടായിരുന്നു. ഞങ്ങള്‍ മൂന്നുപേരും പരപ്പനങ്ങാടി ദര്‍സില്‍ നിന്നാണ് പോയത്. അവിടെ ബൈളാവി, മഹല്ലി, ജംഉല്‍ ജവാമിഅ്, മുല്ലാ ഹസന്‍, ചഗ്‌മൈനി, അത്തൗളീഹു വത്തല്‍വീഹ് (ഹനഫി ഉസൂല്‍), ഹിദായ (ഹനഫീ ഫിഖ്ഹ്) എന്നീ കിതാബുകളാണ് ഓതിയത്. ഒരു കൊല്ലമായിരുന്നു മുഖ്തസര്‍. പിന്നെ രണ്ടു കൊല്ലം മുതവ്വല്‍. സിഹാഹുസ്സിത്ത മുഴുവനും അഖാഇദുല്‍ ജലാലിയും ഓതി.
ഓതുന്ന കിതാബുകള്‍ മുഴുവന്‍ ഓതലാണ് പണി. ദര്‍സുകളില്‍ ഒന്ന് തീര്‍ന്നിട്ടേ മറ്റൊന്ന് ഓതുകയുള്ളൂ. എന്നാല്‍, രണ്ടുമൂന്ന് കിതാബുകള്‍ ഒന്നിച്ച് ഓതുന്ന പതിവ് വെല്ലൂരില്‍ ഉണ്ടായിരുന്നു. മുതവ്വലില്‍ സിഹാഹുസ്സിത്ത ഒരു വരിയും ഒഴിവാക്കാതെ ആദ്യം മുതല്‍ അവസാനം വരെ ഓതും. അവിടുന്നും ഇവിടുന്നുമെടുത്ത് ഓതുകയല്ല ചെയ്തിരുന്നത്.
ശൈഖ് ആദം ഹസ്‌റത്ത്, ശൈഖ് ഹസന്‍ മുസ്‌ലിയാര്‍ പാപ്പിനിശ്ശേരി, അബൂബക്ര്‍ ഹസ്‌റത്ത് എന്നിവരായിരുന്നു അന്ന് ഉസ്താദുമാര്‍. ഉയര്‍ന്ന ക്ലാസുകളില്‍ കിതാബ് നടത്തിയിരുന്നത് ഇവര്‍ മൂന്നുപേരായിരുന്നു.
സ്വന്തമായി കിതാബുകള്‍ വാങ്ങിയിരുന്നോ?
വായ്പ വാങ്ങും. സ്വന്തമായി വാങ്ങാന്‍ കഴിവുള്ളവര്‍ അങ്ങനെ വാങ്ങും. കുതുബ്ഖാനയില്‍ നിന്ന് കിതാബ് കിട്ടും. നാലാള്‍ക്ക്, മൂന്നാള്‍ക്ക് വീതമൊക്കെ ഓഹരിവെച്ചു തരും.
അവിടത്തെ ക്ലാസ് രീതി എങ്ങനെയായിരുന്നു?
നിലത്ത് പായ നിവര്‍ത്തിയിരിക്കും. കിതാബ് വെക്കാന്‍ മുമ്പില്‍ ബെഞ്ചുണ്ടാകും. എന്നാല്‍ പനയത്തെ (പരപ്പനങ്ങാടി) പള്ളിയില്‍ ഇരിക്കാന്‍ പായയുണ്ടാകും. കിതാബ് വെക്കാന്‍ മുമ്പില്‍ വല്ല മുണ്ടോ മറ്റോ ഉണ്ടാകും. അതിലാണ് കിതാബ് വെക്കുക. ബാഖിയാത്തില്‍ ഓരോ മണിക്കൂര്‍ നേരമുണ്ടാകും ഓരോ ക്ലാസ്സുകള്‍. രാവിലെ എട്ടു മണിക്ക് തുടങ്ങി അസ്വ്‌റിന് വാങ്കു കൊടുക്കുമ്പോള്‍ നിര്‍ത്തും. പിരിയഡ് രീതിയിലായിരുന്നു ക്ലാസ്.
അസ്വ്‌റിന് ശേഷം?
കിതാബുകള്‍ നോക്കും. അല്ലാതെ എന്തുപണി? മഗ്‌രിബിനു ശേഷം നിസ്‌കാരം കഴിഞ്ഞാല്‍ ഭക്ഷണം. അതുകഴിഞ്ഞാല്‍ കിതാബ് ഓത്ത്. ഇശാ നിസ്‌കാരം കഴിഞ്ഞാല്‍ അവനവന്റെ റൂമില്‍ ചെന്ന് കിതാബ് നോക്കും. ഹല്‍ഖയായിട്ടും ഒറ്റയായിട്ടും നോക്കും. രാത്രി എത്ര വേണമെങ്കിലും ഉറക്കമൊഴിവാക്കിയും അവനവന്റെ സൗകര്യം പോലെ നോക്കാം.
അവിടെ കിതാബ് മാത്രമാണോ ഉണ്ടായിരുന്നത്?
കിതാബ് മാത്രം. പക്ഷേ, ഉറുദുവും പാഴ്‌സിയും പഠിക്കണമെന്ന് നിമയമുണ്ടായിരുന്നു. അതിന് മലബാരികള്‍ അങ്ങനെ പോകാറില്ല.
എവിടെ വെച്ചായിരുന്നു ക്ലാസ്. ഉസ്താദുമാര്‍ കിതാബിലില്ലാത്ത കാര്യങ്ങള്‍ പറയുമ്പോള്‍ അതെഴുതിയെടുക്കുന്ന പതിവുണ്ടായിരുന്നോ?
എഴുതിയെടുക്കാറുണ്ട്. അങ്ങനെ എഴുതിവെച്ച നോട്ടുകള്‍ ഇപ്പോഴുമുണ്ട്. എഴുത്തൊക്കെ മാഞ്ഞുതുടങ്ങി. ഇപ്പോഴവ എടുത്തു നോക്കാറില്ല. ബാഖിയാത്ത് പള്ളിയില്‍ വെച്ചല്ലായിരുന്നു ക്ലാസ്, കോളേജില്‍ വെച്ചായിരുന്നു.
തലേന്നെടുത്ത ക്ലാസ് പിറ്റേന്ന് ചോദിക്കാറുണ്ടോ?
പിറ്റേന്ന് ചോദിക്കാറൊന്നുമില്ല. പഠിക്കുന്നവര്‍ക്ക് പഠിക്കാം. അവര്‍ ക്ലാസെടുത്തു തരും. ക്ലാസിനിടയില്‍ സംശയം ചോദിക്കാം. അവരത് തീര്‍ത്തു തരും.
ക്ലാസിലില്ലാത്ത കിതാബുകള്‍ നോക്കാന്‍ അവിടെ കുതുബുഖാന ഉണ്ടായിരുന്നില്ലേ?
അതെ, കുതുബ്ഖാനയില്‍ പ്രത്യേകം ആളെ ശമ്പളം കൊടുത്തു നിര്‍ത്തിയിരുന്നു. അവിടെ ചെന്നാല്‍ കിതാബ് എടുത്തു തരും. അവിടന്ന് മുതാലഅ ചെയ്യാം.
ഏറ്റവും താല്‍പര്യമുള്ള കിതാബ് ഏതായിരുന്നു?
ഇന്ന കിതാബ് എന്നില്ല, ഓതുന്ന കിതാബിനോടൊക്കെ താല്‍പര്യമായിരുന്നു.
പള്ളിയില്‍ കുട്ടികളായിരുന്നോ ഇമാം നിന്നിരുന്നത്?
അല്ല, ഇമാം നില്‍ക്കാന്‍ അതിനുവേറെ ആളുണ്ടായിരുന്നു. പ്രത്യേകം ആളെ നിശ്ചയിച്ചിരുന്നു.
ഹദ്ദാദ് ഉണ്ടായിരുന്നോ?
ഇല്ല. അവര്‍ ഹനഫികളല്ലേ.
ബാഖിയാത്തില്‍ അവധി എങ്ങനെയായിരുന്നു?
ഒരു റമളാനിനു പോയാല്‍ പിറ്റേ റമളാനിനാണ് അവിടെ ദര്‍സ് നിര്‍ത്തുക. അതിനിടയില്‍ അത്യാവശ്യക്കാര്‍ ഒരാഴ്ചക്കോ മറ്റോ ലീവ് ചോദിച്ചു പോകും. ഞാനാദ്യം ഒരു കൊല്ലത്തിലേ പോന്നിരുന്നുള്ളൂ. പിന്നെ റബീഉല്‍ അവ്വലില്‍ പോന്നിരുന്നു. റബീഉല്‍ അവ്വല്‍ 12ന് ഒരു ദിവസത്തെ ലീവ്. പെരുന്നാളിന് അഥവാ വലിയ പെരുന്നാളിന് ഒന്നാം പെരുന്നാളിന്റെ ലീവ്. ഇങ്ങനെയായിരുന്നു ലീവുകള്‍.
ഉസ്താദുമാരും ഈ ലീവിലായിരുന്നോ പോന്നിരുന്നത്?
അവര്‍ പെണ്ണുങ്ങളെയും കുട്ടികളെയും കൂട്ടി പുര വാടകക്കെടുത്ത് താമസിക്കുകയായിരുന്നു ചെയ്തിരുന്നത്. അവരവിടെ ഖുതുബയും ഇമാമത്തുമൊക്കെ ഉള്ളവരാണ്. അവര്‍ റമളാനിലേക്ക് പുട്ടുമ്പോഴേ പോവുകയുള്ളൂ.
വീട്ടിലേക്ക് കത്തെഴുതിയിരുന്നോ?
അതെ, കത്തെഴുതാറുണ്ടായിരുന്നു. അവനവന്റെ ആവശ്യങ്ങള്‍ പോലെ ചെയ്യും.
ബാഖിയാത്തിലെ പരീക്ഷയും സനദ്ദാനവുമൊക്കെ എങ്ങനെയായിരുന്നു?
രണ്ടു സമയങ്ങളില്‍ പരീക്ഷയുണ്ടാകും. അരക്കൊല്ലവും കൊല്ലവസാനവും. നാല് കിതാബുകള്‍ നാലുദിവസങ്ങളില്‍ പരീക്ഷയുണ്ടാകും. പാസ് മാര്‍ക്കുള്ളവരൊക്കെ ജയിക്കും. 35 മാര്‍ക്കു വേണം ജയിക്കാന്‍.
പരീക്ഷ കഴിഞ്ഞ് ഒരാഴ്ച അവധിയായിരിക്കും. പിന്നീടുള്ള ഞായറാഴ്ച ദിവസമാണ് കുട്ടികള്‍ക്ക് സനദ് നല്‍കുക. ഒരാഴ്ച അവധി കുട്ടികളുടെ പേപ്പറും മറ്റുമൊക്കെ നോക്കാന്‍ വേണ്ടിയാണ്. കുട്ടികളാരും നാട്ടില്‍ പോകാന്‍ പാടില്ല. എല്ലാവരും അവിടെത്തന്നെ നില്‍ക്കണം. ജയിച്ചവര്‍ക്ക് കോട്ടിന് അളവെടുക്കും. അല്ലാത്തവര്‍ ഈ വിവരം എങ്ങനെയെങ്കിലും ചോദിച്ചറിയും. അതോടെ അവര്‍ പോകും. അവര്‍ പോകുന്നത് ആരുമറിയില്ല.
കറുത്ത കട്ടിയുള്ള ശീലകൊണ്ടായിരുന്നു അന്നത്തെ കോട്ട്. ചെരിപ്പടിക്കാല്‍ വരെയുണ്ടാകും അത്. കോട്ട് തന്നത് ശൈഖ് ആദമായിരുന്നു. സര്‍ട്ടിഫിക്കറ്റുമുണ്ടാകും.
ആളുകളെ പ്രത്യേകം വിളിച്ചുവരുത്താറൊന്നുമില്ല. കുട്ടികളുണ്ടാകും. നാട്ടുകാര്‍ കേട്ടറിഞ്ഞു വരും. അവരെ വരുത്തലൊന്നുമില്ല. ഒരു പ്രത്യേക ഹാളില്‍ വെച്ചായിരിക്കും സനദ് കൊടുക്കുക.
കോട്ടിട്ട് വന്നിട്ട് പ്രത്യേക സ്വീകരണമുണ്ടായിരുന്നോ?
അതൊക്കെ ആളുകളുടെ സൗകര്യം പോലെ ചെയ്യലുണ്ട്.
പഠിക്കുന്ന കാലത്ത് ‘സമസ്ത’ നേതാക്കളുമായി ബന്ധപ്പെട്ടിരുന്നോ?സമസ്തയില്‍ അന്ന് ഏതെങ്കിലും രീതിയില്‍ പ്രവര്‍ത്തിച്ചിരുന്നോ?
മെമ്പര്‍മാരെയുണ്ടാക്കുക, വല്ല യോഗങ്ങളുണ്ടാകുമ്പോള്‍ അതിനുവേണ്ടി പ്രവര്‍ത്തിക്കുക ഇതൊക്കെ തന്നെയായിരുന്നു അന്നത്തെ പ്രവര്‍ത്തനങ്ങള്‍. പഠനകാലത്ത് സമസ്ത നേതാക്കളുമായി ബന്ധപ്പെട്ടിട്ടുണ്ട്. നേതാക്കള്‍ എവിടെയെങ്കിലും വഅ്‌ളിന് വരും. അങ്ങനെ വര്‍ത്തമാനം പറയും, പരിചയമാകും. പറവണ്ണ മൊയ്തീന്‍കുട്ടി മുസ്‌ലിയാരുടെ പ്രസംഗം കേട്ടിട്ടുണ്ട്. പള്ളിപ്പുറത്ത് വെച്ചുള്ള ഒരു വഅള് പരിപാടിയായിരുന്നു അത്. വാണിയമ്പലത്തിന്റെ പ്രസംഗവും കേട്ടിട്ടുണ്ട്. അരീക്കോട് നില്‍ക്കുന്ന കാലത്തുള്ള പരിചയമാണ്. മൂപ്പര് അരീക്കോടിനടുത്ത് മൈത്രയിലായിരുന്നു താമസിച്ചിരുന്നത്. പൂക്കോയ തങ്ങളോടൊക്കെ ബന്ധമുണ്ടായിരുന്നു. എന്തെങ്കിലും ആവശ്യം വരുമ്പോള്‍ അവിടെ ചെല്ലും. അതിനു അവര്‍ പരിഹാരം പറഞ്ഞുതരും. ഈ നിലക്കുള്ള ബന്ധമുണ്ടായിരുന്നു. പൂക്കോയ തങ്ങളെ പല സ്ഥലത്തേക്കും യോഗത്തിന് കൂട്ടിക്കൊണ്ടു പോകാറുണ്ടായിരുന്നു. നമ്മള്‍ നില്‍ക്കുന്നിടത്ത് വല്ല പരിപാടിയുമുണ്ടെങ്കില്‍ അങ്ങോട്ട് കൊണ്ടുവരും.
മുശാവറ മെമ്പറായിട്ട് എന്താണനുഭവം. എത്രയായി?
1971-ലാണ് ഞാന്‍ മുശാവറ മെമ്പറാകുന്നത്. അരീക്കോട് ജോലി ചെയ്യുകയായിരുന്നു. അന്ന് സെക്രട്ടറി ഇ.കെ. അബൂബക്ര്‍ മുസ്‌ലിയാരായിരുന്നു.
മുശാവറ യോഗത്തിന് ചിലപ്പോള്‍ കോട്ടുമല ഉസ്താദിനൊപ്പം പോയിരുന്നു. ചിലപ്പോള്‍ ജോലി ചെയ്യുന്നിടത്തു നിന്നായിരിക്കും. യോഗമുണ്ടെന്നറിയിച്ച് കത്തയക്കും.
യോഗം ആവശ്യമുള്ളപ്പോഴൊക്കെ കൂടുമായിരുന്നു. മസ്അലകള്‍, നാട്ടിലെ കുഴപ്പങ്ങള്‍ ഒക്കെ അതില്‍ ചര്‍ച്ച ചെയ്യും. സമസ്ത ചര്‍ച്ച ചെയ്ത് തീരുമാനിക്കും. അതവരെ അറിയിക്കും. അവരത് അംഗീകരിക്കും. ഇപ്പോള്‍ മുശാവറയില്‍ നാല്‍പതില്‍പരം കൊല്ലമായി.
പ്രസിഡന്റായത്?
അത് ഈയടുത്താണ്. കൊല്ലക്കണക്ക് എനിക്ക് ഓര്‍മയില്ല. അതൊന്നും എഴുതിവെക്കല്‍ പതിവില്ല. പാണക്കാട്ടെ ഉമറലിയാണ് ഈ വിവരം അറിയിച്ചത്. പ്രസിഡന്റായതിനു ശേഷമുള്ള മുശാവറയില്‍ ആദ്യചര്‍ച്ച എന്തായിരുന്നുവെന്ന് പറയാന്‍ കഴിയില്ല. ഓരോ യോഗങ്ങളില്‍ ഓരോ ചര്‍ച്ചയുണ്ടാകും. അത് ബുക്കില്‍ എഴുതിവെക്കും. ബുക്കില്‍ നോക്കിയാലേ പറയാനാവൂ.
പട്ടിക്കാട് ജാമിഅഃ
കേരളത്തിലെ ബിരുദം കൊടുക്കുന്ന സമസ്തയുടെ ആദ്യസ്ഥാപനമാണ് പട്ടിക്കാട് ജാമിഅ. ഒരുപാട് മഹാപണ്ഡിതന്‍മാര്‍ ഇവിടെ അറിവ് പറഞ്ഞുകൊടുത്തിട്ടുണ്ട്. ഉസ്താദ് ജാമിഅയില്‍ എപ്പോഴാണ് എത്തിയത്. എന്തൊക്കെയാണ് അനുഭവം?
ജാമിഅയില്‍ ഇപ്പോള്‍ ഇരുപത് വര്‍ഷമായിട്ടുണ്ട്. ഞാന്‍ പരീക്ഷാബോര്‍ഡില്‍ മെമ്പറായിരുന്നു. ഇവിടെ ആളില്ലാത്ത അവസ്ഥ വന്നപ്പോള്‍ കുറേ തെരഞ്ഞു. ആളെ കിട്ടിയില്ല. അങ്ങനെ എന്നെ അഭിപ്രായപ്പെട്ടു. ഒരു കൊല്ലത്തിനായിരുന്നു ഏറ്റത്. കൊല്ലം തീര്‍ന്നുപോകാന്‍ ഒരുങ്ങിയപ്പോള്‍ തുടര്‍ന്നു പോകണമെന്നു പറഞ്ഞു.
താനൂര്‍ കെ.കെ. അബൂബക്ര്‍ മുസ്‌ലിയാര്‍, കരുവാരകുണ്ട് കെ.കെ. അബ്ദുല്ല മുസ്‌ലിയാര്‍, കിടങ്ങഴി അബ്ദുല്ല മുസ്‌ലിയാര്‍, കോട്ടുമല മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍, ആലിക്കുട്ടി മുസ്‌ലിയാര്‍ ഇവരൊക്കെ അന്ന് ജാമിഅയില്‍ ഉണ്ടായിരുന്നു.
ഇവിടെ കൊല്ലം കൊല്ലം കുട്ടികള്‍ വന്നുചേരും. അവര്‍ക്ക് കിതാബ് ഓതിക്കൊടുക്കുക, പരീക്ഷയും നടത്തുക. ഇതൊക്കെയാണ് ഇവിടത്തെ അനുഭവം. സ്ഥാപിച്ച കാലം മുതല്‍ സമ്മേളനം നടക്കുന്നുണ്ട്. അത് കൊല്ലം കൊല്ലം വര്‍ധിക്കുകയാണ്. ആളുകള്‍ വര്‍ധിക്കുന്നു.
ജാമിഅഃയില്‍ ഉസ്താദ് പാര്‍ക്കുന്ന മുറിയില്‍ മുമ്പ് ആരായിരുന്നു?
ഈ റൂമില്‍ താമസിച്ചിരുന്നത് ഇ.കെയും കോട്ടുമലയുമായിരുന്നു. കോട്ടുമല ഉസ്താദിന്റെ മരണശേഷം ഇതില്‍ ആരും താമസിക്കാറില്ല. ഞങ്ങള്‍ പരീക്ഷാ ബോര്‍ഡുകാര്‍ വരുമ്പോള്‍ ഒന്നു തുറക്കും. ഞങ്ങള്‍ പോയാല്‍ ആരും താമസിക്കുകയില്ല.
ഞാന്‍ വന്നതിനുശേഷം ശിഹാബ് തങ്ങള്‍ ഇവിടെ താമസിക്കാന്‍ പറയുകയായിരുന്നു. ഫാത്തിഹ ഓതി ദുആര്‍ന്നു താമസിച്ചോളീന്‍ എന്ന് ശിഹാബ് തങ്ങള്‍ പറഞ്ഞു.
ജാമിഅഃയില്‍ വന്നത് മുതല്‍ ഈ റൂമില്‍ തന്നെയാണ്. വേറെ എവിടെയും പോയിട്ടില്ല. ഈ കട്ടിലും കസേരയും ഇ.കെയും കോട്ടുമലയും ഉപയോഗിച്ചതാണ്.കിഴിശ്ശേരി ഉസ്താദും കണ്യാല മൗലയും
കിഴിശ്ശേരി മുഹമ്മദ് മുസ്‌ലിയാര്‍ ജാമിഅഃ സമ്മേളനത്തിന് വരാറുണ്ടെന്ന് പറയുന്നു. ഉസ്താദ് കണ്ടിട്ടുണ്ടോ?
ഞാന്‍ അദ്ദേഹത്തെ ഒരു കൊല്ലം കണ്ടിട്ടുണ്ട്. പക്ഷേ, എല്ലാ കൊല്ലവും വരാറുണ്ടെന്ന് പറയുന്നു. ആ വെപ്പുപുരയുടെ അടുത്തെ ഒഴിഞ്ഞ സ്ഥലത്തുവന്നിരിക്കും. അവിടെ ഒരു തിണ്ടുണ്ട്. അതിന്മേല്‍ ഇരിക്കും. അവിടെ ഇപ്പോള്‍ സ്ഥാപനമുണ്ടാക്കിയിരിക്കുന്നു.
അന്ന് അങ്ങനെ ശ്രുതിപ്പെട്ടിട്ടില്ല. വന്നാലും പോയാലും അപ്പോള്‍ ആരും കൂടെ കൂടില്ലായിരുന്നു. ഇത് ഞാന്‍ കണ്ടതല്ല. ആളുകള്‍ പറയുന്നത് കേട്ടതാണ്. ഞാന്‍ കണ്ട അന്ന് അദ്ദേഹത്തിന്റെ പിന്നാലെ ആളുകള്‍ കൂടി. പിന്നെ കാണാന്‍ കഴിഞ്ഞില്ല. അദ്ദേഹം ഇവിടെ പഠിക്കാന്‍ വഴിയില്ല.
കണ്യാല മൗല ഇവിടെ വരാറുണ്ടോ? അദ്ദേഹവുമായുള്ള ബന്ധം?
വരുമായിരുന്നു. ഇ.കെ, കോട്ടുമല, താനൂര്‍ കെ.കെയൊക്കെയുള്ള കാലത്ത് കൂടുതല്‍ വരും. അവരോട് നല്ല അടുപ്പമായിരുന്നു. ഇവര്‍ക്കൊക്കെ പിറകെ ഇവിടെ ഇടക്കൊക്കെ വരും. ഉസ്താദുമാരെയൊക്കെ കാണും. എല്ലാവരെയും കാണാറില്ല.
മൂപ്പര്‍ക്ക് ഇഷ്ടമുള്ളേടത്തേക്കേ പോകാറുള്ളൂ. എന്റെ അടുത്ത് വന്നിരുന്നു. ഈ റൂമിലേക്ക് വരും. സംസാരങ്ങളൊക്കെയുണ്ടാവും. നാട്ടുവര്‍ത്തമാനം ഒന്നും പറയൂല. മറ്റു വിഷയങ്ങളാണ് പറയാറ്.
ജാമിഅയിലെ കുഴല്‍ക്കിണര്‍ അദ്ദേഹത്തിന്റെ വകയായിട്ട് ഉണ്ടാക്കിയതാണ്. വെള്ളം അന്ന് ഒറുവമ്പുറം പുഴയില്‍ നിന്നോ ജാമിഅഃയുടെ പറ�