അറഫാ മൈതാനം പാല്‍ കടലായി; ഹജ്ജ് സമാപനത്തിലേക്ക്.. ഗള്‍ഫില്‍ ഇന്ന് ബലിപെരുന്നാള്‍


ശനിയാഴ്ച പുലര്‍ച്ചെ തന്നെ മിനായില്‍ നിന്ന് 12 കിലോമീറ്റര്‍ ദൂരമുള്ള അറഫയിലേക്ക് തീര്‍ത്ഥാടകര്‍ വാഹനങ്ങളിലും കാല്‍നടയായും യാത്രതിരിച്ചിരുന്നു. തിരക്കിനിടയില്‍ ഗതാഗത തടസ്സമുണ്ടാകുമെന്ന് കരുതി തീര്‍ത്ഥാടകരെ നേരത്തെ അറഫയിലെത്തിക്കാനും ബന്ധപ്പെട്ടവര്‍ ശ്രദ്ധിച്ചിരുന്നു. ഹജ്ജിന്റെ ചരിത്രത്തിലേക്ക് ചൂളം വിളിച്ചെത്തിയ മശാഇര്‍ sൈ്രയിന്‍ ഇത്തവണ സഊദിയടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍, തുര്‍ക്കി, യൂറോപ്യന്‍ രാജ്യങ്ങള്‍, പാകിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരെ വഹിച്ച് പുണ്യകേന്ദ്രങ്ങള്‍ക്കിടയില്‍ സര്‍വീസ് നടത്തിയത് ഏറെ ആശ്വാസമായി.
അറഫയിലെ നമിറ മസ്ജിദിലും താല്‍കാലികമായി തീര്‍ത്ത ടെന്റുകളിലും റോഡുകളിലും വഴിയോരങ്ങളിലുമായി ശുഭ്രവസ്ത്രധാരികളായ ജനസഞ്ചയം പാല്‍ക്കടല്‍ തീര്‍ത്തു. ഇവിടെ തീര്‍ത്ഥാടകര്‍ക്കാവശ്യമായ മുഴുവന്‍ സൗകര്യങ്ങളും ഒരുക്കുന്നതില്‍ സഊദി ഭരണാധികാരി അബ്ദുല്ല രാജാവും ഭരണകൂടവും കാട്ടിയ ശുഷ്കാന്തി എടുത്തുപറയേണ്ടതായിരുന്നു. ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചവരെ വളണ്ടിയര്‍മാരും സുരക്ഷാസേനാംഗങ്ങളും സഹായിക്കുന്നത് കാണാമായിരുന്നു. 24 ഡിഗ്രി താപനിലയായതിനാല്‍ കാലാവസ്ഥയും അനുകൂലമായിരുന്നൂ.
അറഫാ സംഗമം പൂര്‍ത്തിയാക്കി ഇന്നലെ അസര്‍ നമസ്കാരാനന്തരം തന്നെ ഹാജിമാര്‍ മുസ്ദലിഫ ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങി. മുസ്ദലിഫയില്‍ രാപ്പാര്‍ക്കല്‍ കര്‍മം നിര്‍വഹിച്ച ഹാജിമാര്‍ ഇന്ന് ബലി കര്‍മവും മുടിനീക്കല്‍ കര്‍മവും നിര്‍വഹിക്കും. സഊദി അറേബ്യയില്‍ ഇന്നാണ് ബലി പെരുന്നാള്‍.