ബാബറി മസ്ജിദ്: കോടതി വിധി മാനിക്കണം - സമസ്ത


മസ്ജിദിന്റെ തര്‍ക്കവുമായി ബന്ധപ്പെട്ട് 24ന് ഉണ്ടാകുന്ന ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യണമെന്നും മാനിക്കണമെന്നും മുസ്ലിം കൈരളിയുടെ പരമോന്നത മത പണ്ഡിത സംഘടനയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രസിഡന്റ് കാളമ്പാടി മുഹമ്മദ് മുസ്‌ലിയാരും ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരും ആഹ്വാനം ചെയ്തു . കോടതിവിധി എന്തായാലും സംയമനം പാലിക്കുവാനും മതസൗഹാര്‍ദവും ഭാരതത്തിന്റെ അഖണ്ഡതയും ഐക്യവും കാത്ത് സംരക്ഷിക്കുന്നതിനും മുഴുവന്‍ മുസ്‌ലിങ്ങളും പ്രതിജ്ഞാബദ്ധരാക്കണം. ജനാധിപത്യ സംവിധാനങ്ങളും ജുഡീഷ്യറിയുടെ നിഷ്പക്ഷതയും കളങ്കപ്പെടാതെ കാത്തുസൂക്ഷിക്കണം. വിധി അനുകൂലമായാലും പ്രതികൂലമായാലും പ്രകടനങ്ങള്‍ നടത്തരുത്. വിധി സ്വീകരിച്ച് നിയമാനുസൃത മാര്‍ഗങ്ങളിലൂടെ വിഷയങ്ങള്‍ കൈകാര്യംചെയ്യണം. ഇതര സമൂഹങ്ങള്‍ക്കിടയില്‍ വെറുപ്പോ വിദ്വേഷമോ ഉണ്ടാക്കുന്നതോ പൊതുതാത്പര്യങ്ങള്‍ക്ക് ഹാനി വരുത്തുന്നതോ ആയ നടപടികള്‍ ഉണ്ടാകരുതെന്നും നേതാക്കള്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.